Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഇഡിയുടെ വരവ് സംശയാസ്പദമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഏത് കാലഘട്ടത്തിലേക്കും അന്വേഷണം നീങ്ങട്ടെയെന്നും വി.എൻ. വാസവൻ പറഞ്ഞു.
സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ല. എക്സ് ഓർ വൈ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ്, സർക്കാർ അല്ല.
ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇഡി അന്വേഷണത്തിൽ പല ഉദ്ദേശ്യങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ഇന്നത്തെ സ്ഥിതിയില്‍ തിരിച്ചുവരാനുള്ള ആത്മവിശ്വാസം യുഡിഎഫിനില്ലെന്നും അതിനാലാണ് മറ്റു പാര്‍ട്ടികളുടെ പിന്നാലെ നടക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന്. തിരുവനന്തപുരത്തെ സമരത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി എംപി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്. എല്‍ഡിഎഫ് മധ്യമേഖലാ ജാഥ ജോസ് കെ. മാണി നയിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റ് സമ്മേളനം നോക്കി തീരുമാനിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവന്നാല്‍ തീരുമാനം മാറ്റേണ്ടിവരും. ഇതുസംബന്ധിച്ച് നേരത്തേ ജോസ് കെ. മാണി അറിയിച്ചിരുന്നുവെന്നും വാസവൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചതാണ്. രാഹുല്‍ കോണ്‍ഗ്രസ് അംഗമല്ലെന്ന് ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ല. കൈപ്പത്തി ചിഹ്നം കൊടുത്തവര്‍ മറുപടി പറയണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി ജീവനക്കാരെ നിയമിക്കാമെന്ന ഉത്തരവിനെതിരേ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് റിക്രൂട്ടിംഗ് ഏജന്‍സിയുണ്ട്. ഇതുമുഖേനയാകണം നിയമനമെന്നത് സര്‍ക്കാര്‍ നിര്‍ദേശമാണ്. ശബരിമല കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ദേവസ്വം ബോര്‍ഡിനെതിരേ പരാമര്‍ശം നടത്തിയത് ദേവസ്വം ബെഞ്ചല്ല, സിംഗില്‍ ബെഞ്ചിന്റെ പരാമര്‍ശമാണ്.
മകരവിളക്ക് ദര്‍ശനത്തിനുശേഷം മടങ്ങുന്നതിനായി 1000 കെഎസ്ആര്‍ടിസി ബസ് ക്രമീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്കുമുമ്പ് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
District News
പൊൻകുന്നം: ലഹരിക്കെതിരേയുള്ള പോരാട്ടം കലാലയങ്ങളിൽനിന്നു തുടങ്ങണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പൊൻകുന്നം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വികസനപദ്ധതികളുടെയും ജില്ലാ പഞ്ചായത്തും എക്സൈസ് വകുപ്പും ചേർന്ന് സ്കൂളുകളിൽ നടത്തുന്ന ലഹരിവിരുദ്ധ പദ്ധതിയായ ലക്ഷ്യയുടെ ജില്ലാതല ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമാണ് വിമുക്തി പദ്ധതി. പൊതുവിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ കാലഘട്ടമാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നത് സർക്കാരിന്റെ കർമപദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. കെമിസ്ട്രി ലാബ് സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നടത്തി.
ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ശ്രീലത സന്തോഷ്, ബിപിസി അജാസ് വാരിക്കാടൻ, ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, പി. സതീശ് ചന്ദ്രൻ നായർ, ജയാ ശ്രീധർ, സി.കെ. രാമചന്ദ്രൻ, കെ. സേതുനാഥ്, ലാജി മാടത്താനി തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടൊപ്പം ടൗൺ ഹാളിന് സമീപം ജില്ലാ പഞ്ചായത്ത് നിർമിച്ച വനിത ഫിറ്റ്നസ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.
District News
ഏറ്റുമാനൂർ: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശങ്ങൾ നൽകി. കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂര് എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകുന്നേരവും തുറന്നു പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതൽ സര്‍വീസുകള്‍ നടത്തണം.
ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു. ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.
എക്സൈസിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും. 24 മണിക്കൂറും ആംബുലൻസ് സേവനം ഉറപ്പുവരുത്തും.
കെഎസ്ആർടിസി കോട്ടയത്തുനിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ലാബും പ്രവർത്തിക്കും.
പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവു വിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.
ഏറ്റുമാനൂര്‍ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, നഗരസഭാധ്യക്ഷ ലൗലി ജോർജ്, എഡിഎം എസ്. ശ്രീജിത്ത്, ആർഡിഒ ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എം. ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം.
ആദ്യം രജിസ്റ്റർ ചെയ്ത 3,000 പേർക്കാണ് പ്രവേശനം. തിങ്കളാഴ്ച വരെ 4,864 പേർ രജിസ്റ്റർ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേർക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തർക്കുള്ള ക്ഷേമ പ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സർക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തർക്ക് സുഗമമായ രീതിയിൽ ദർശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികൾക്ക് നൽകും. തീർഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കാൻ കമ്മിറ്റിയെ നിയമിക്കും.
കമ്മിറ്റി നൽകുന്ന നിർദേശങ്ങളിൽ ഊന്നിയാകും തുടർ വികസനം. ശബരിമല വിമാനത്താവളം, റെയിൽവേ അടക്കം വൈകാതെ പൂർത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.